തൃശ്ശൂര്‍: വിശ്വാസികളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്ത നമ്മുടെ നാട്ടില്‍ ഭക്തിയുടെ പേരില്‍ ഒരാളെ പറ്റിക്കുക എന്നത് അത്രവലിയ കാര്യമൊന്നുമല്ല. ആള്‍ദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിന്നാലെ ഇറങ്ങിത്തിരിക്കാന്‍ ഒട്ടനേകം പേരുള്ള നാടാണ് ഇത്.
ഈ സാഹചര്യത്തില്‍, വിദേശികളായ സഞ്ചാരികളെയും പക്ഷികളെയും വരെ ബുദ്ധിമുട്ടിച്ച് തിക്കും തിരക്കും കൂട്ടിയവരെ ഓടിക്കാന്‍ അവരെ തന്നെ മുതലെടുത്ത് പണം സമ്പാദിച്ച ഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോട്ടോഗ്രാഫര്‍ സുധീഷ് തട്ടേക്കാടിന്റെ ഈ കുറിപ്പ്.
പക്ഷി നിരീക്ഷണത്തിനായി നിലയുറപ്പിച്ച തന്നേയും വിദേശികളായ ചില സഞ്ചാരികളേയും കണ്ട് ഒരു കാര്യവുമില്ലാതെ ശല്യം ചെയ്യാനെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് സുധീഷ് എട്ടിന്റെ പണികൊടുത്തത്. ആള്‍ക്കാരുടെ ബാഹുല്യം കാരണം പക്ഷികള്‍ക്ക് പോലും ശല്യം സഹിക്കാനാവാത്ത സാഹചര്യമായിരുന്നു. ഇതോടെ ഇക്കൂട്ടര്ക്കിട്ട് ഒരു പണി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കല്ല് കുത്തിവെച്ച് പൂക്കളും വിതറി 12 രൂപ കാണിക്കയിട്ട് ഒരു ‘പരശുരാമ’ പ്രതിഷ്ഠ ഇദ്ദേഹം അങ്ങ് നടത്തിയത്. സംശയവുമായി സമീപിച്ചവരോട് പരശുരാമന്റെ പ്രതിഷ്ഠയാണ് ഇതെന്നും, പരശുരാമന് തപസ് ഇരുന്ന സ്ഥലമാണ് ഇതെന്നും സുധീഷ് അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള ഒന്നരമണിക്കൂര്‍ നേരം കൊണ്ട് കാണിക്കയായി സുധീഷ് സമ്പാദിച്ചത് 374 രൂപയാണ്!
ഈ അനുഭവം പങ്കുവെച്ച് കൊണ്ട് വിമര്‍ശനങ്ങളുമായി വരുന്നവരോട് സുധീഷിന് പറയാനുള്ളത് ഇത്രമാത്രം ‘ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്!’.
സുധീഷ് തട്ടേക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാര്‍ ഗുഹയ്ക്കകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് ധാരാളം ടാക്സികള്‍ വന്ന് നിര്‍ത്തുന്നു. എന്താണെന്ന ആകാംഷയില്‍ അവര്‍ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലര്‍ക്ക് ഗുഹയ്ക്കുള്ളില്‍ കയറണം, മറ്റു ചിലര്‍ക്ക് ഗുഹയുടെ മുന്നില്‍ കയറി ഫോട്ടോ എടുക്കണം. പക്ഷികള്‍ ഗുഹക്കു മുന്നിലെ വെള്ളത്തില്‍ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നില്ക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തില്‍ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയില്‍ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേര്‍ച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായില്‍ വന്നത് പരശുരാമന് തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതല്‍ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.
NB ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.
Discussion about this post