കോട്ടയം: ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടവും പ്രതീക്ഷകളും ഒരുമിക്കുന്ന വേദിയാണ് കല്യാണ വേദി. പലരും വിവാഹം എന്നു പറയുന്ന പാടെ കാശ് വാരി എറിയുകയും വധുവിനെയും വരനെയും സ്വര്‍ണ്ണം കൊണ്ട് മൂടുകയും ചെയ്യും. അതെല്ലാം തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം എന്ന നിലയ്ക്കാണ് ചെയ്യുന്നത്. എന്നാല്‍ പലരും അതിനെ ആര്‍ഭാടം എന്നും വിശേഷിപ്പിക്കാറുണ്ട്. അത്തരത്തില്‍ ചില കല്യാണങ്ങളെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എന്തെന്നാല്‍ ചിലതെല്ലാം ആര്‍ഭാടം തന്നെ ആകാറുണ്ട്.
ഞങ്ങള്‍ നടത്തിയത് ലളിതം എന്ന് അവകാശപ്പെടുന്നവരും ഉണ്ട്. അവര്‍ ഈ കല്യാണം തീര്‍ച്ചയായും കണ്ടിരിക്കേണ്ടവരാണ്. കാരണം മറ്റൊന്നുമല്ല. ലളിതം എന്നു പോലും വിശേഷിപ്പിക്കാനാകില്ല. അത്രമേല്‍ ലളിതം തന്നെയായിരുന്നു കോട്ടയത്ത് നടന്ന ഈ വിവാഹം. കല്യാണത്തിനായി പങ്കെടുക്കാന്‍ എത്തിയവരിലേയ്ക്ക് ആദ്യം ഒഴുകി എത്തിയത് ഒരു കവിത ആയിരുന്നു. ഉള്ളൂരിന്റെ പ്രേമസംഗീതം. അത് വന്ന മുഴുവന്‍ പേരുടെയും മനസിനെ കുളിര്‍പ്പിച്ചു. ശേഷം നോക്കിയപ്പോള്‍ പൂമാലകള്‍ പരസ്പരം ചാര്‍ത്തി നില്‍ക്കുന്ന വധുവരന്മാരെയാണ്. രണ്ട് മാല പരസ്പരം ചാര്‍ത്തി വിവാഹം എന്ന ആ മുഹൂര്‍ത്തം കഴിച്ചു.
ജീവിതപങ്കാളിയാക്കുവാന്‍ ആര്‍ഭാടത്തിന്റെ ആവശ്യമില്ലെന്നാണ് ഇവരുടെ പക്ഷം. കോട്ടയം ബാറിലെ അഭിഭാഷകയായ അഡ്വ.ഡെല്ലാ എബ്രഹാമിനെയാണ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനും പത്രപ്രവര്‍ത്തകനുമായ ഉദയരവി ജാതിമതചിന്തകള്‍ വെടിഞ്ഞ് തന്റെ ജീവിതസഖിയാക്കിയത്. കോട്ടയം തിരുവാതുക്കല്‍ ഡോ എപിജെ അബ്ദുള്‍കലാം മെമ്മോറിയല്‍ മുനിസിപ്പല്‍ ടൌണ്‍ ഹാളിലായിരുന്നു ഈ കല്യാണം.
കൊട്ടും കുരവയും പ്രാര്‍ത്ഥനയും ഒന്നുമില്ലാതെ നടന്ന ചടങ്ങിന് അകമ്പടിയായി ഉള്ളൂരിന്റെ പ്രേമസംഗീതം കവിത സദസില്‍ ഒഴുകിയെത്തി. ഡെല്ലയുടെ പിതാവിന്റെ സുഹൃത്തും ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന തുളസീദാസാണ് കവിത ആലപിച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന തിരുവാതുക്കല്‍ യോബല്‍ വീട്ടില്‍ ജെ എബ്രഹാമിന്റെയും സംസ്ഥാന ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ സീനിയര്‍ സൂപ്രണ്ടായ ആലിസ് മാമ്മന്റെയും രണ്ട് മക്കളില്‍ ഇളയവളാണ് അഡ്വ.ഡെല്ല.
സിനിമാട്ടോഗ്രാഫറായ വെള്ളത്തൂവല്‍ സാവേരിയില്‍ ഹരിപ്രസാദിന്റെയും നോവലിസ്റ്റ് ഉഷാകുമാരിയുടെയും ഏകമകനാണ് ഉദയരവി. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് വിശ്വസിക്കുന്ന ഇരു കുടുംബങ്ങളും തങ്ങളുടെ മക്കളുടെ സര്‍ട്ടിഫിക്കറ്റുകളിലും ജാതി രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ കൈയ്യടിയ്ക്ക് അര്‍ഹനാക്കുന്നത്.
Discussion about this post