കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത് യുവനേതാവ് കെ റഫീക്ക്. വോട്ടെടുപ്പിലൂടെ പി ഗഗാറിനെ തോല്‍പ്പിച്ചാണ് കെ റഫീക്ക് വിജയിച്ചത്.
അപ്രതീക്ഷിതമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. വോട്ടെടുപ്പില്‍ 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. പതിനൊന്ന് വോട്ടാണ് ഗഗാറിന് ലഭിച്ചത്.
അതേസമയം, ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ ആയുധമാക്കിയിരുന്നു. നിലവില്‍ ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്.
Discussion about this post