പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിലാണ് നടുക്കുന്ന സംഭവം.
മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. അനുവും നിഖിലും നവദമ്പതികളാണ്.
അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പന്. കാറില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍ മരിച്ചത്. മലേഷ്യയില്‍ ഹണിമൂണിന് പോയ അനുവിനെയും നിഖിലിനെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങവെയായിരുന്നു അപകടം.
ഇവരുടെ വിവാഹം നവംബര്‍ 30നായിരുന്നു. വീടെത്താന്‍ ഏഴുകിലോമീറ്റര്‍ മാത്രം ബാക്കിയിരിക്കെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആന്ധ്രാ സ്വദേശികളായ തീര്‍ത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്. അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ വച്ചാണ് അനു മരിച്ചത്.
Discussion about this post