പാറ്റ്‌ന: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തില്‍ പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലാണ് സംഭവം.
രാജീവ് കുമാര്‍ സിങ്ങിന്റെ മകന്‍ സോമില്‍ രാജ് (14) ആണ് മരിച്ചത്. അര്‍ദ്ധവാര്‍ഷിക പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കുകളില്‍ സോമില്‍ രാജ് സന്തുഷ്ടനായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുട്ടി ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. ഇതിനു ശേഷമാണ് സ്വയം വെടിയുതിര്‍ക്കുന്നത്. മൂന്ന് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയെന്നാണ് വീട്ടുകാര്‍ പറയുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വിവരമറിഞ്ഞ് ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും റിവോള്‍വറും വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post