ബംഗളൂരു: ഹാസനിലെ എഎസ്പിയായി ചാര്‍ജ് എടുക്കാന്‍ പോന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ ഹര്‍ഷ് ബര്ധന് വിട നല്കി കര്‍ണാടക. ബെംഗളുരുവിലെ ആംഡ് പോലീസ് ട്രെയിനിംഗ് സ്കൂളില്‍ നടന്ന ഗാര്‍ഡ് ഓഫ് ഓണറില്‍ സംസ്ഥാനത്തെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തു. പോലീസ് അക്കാദമിയിലെ ട്രെയിനിംഗ് പൂര്‍ത്തിയാക്കി യാത്ര പറഞ്ഞ് പോയ കൂട്ടുകാരന് ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ നിന്ന സുഹൃത്തുക്കള്‍ കണ്ണീരോടെയാണ് ഹര്ഷിന് അവസാന സല്യൂട്ട് നല്‍കിയത്.
ആദ്യ പോസ്റ്റിംഗിന് മുന്‍പ്, ആദ്യത്തെ ശമ്പളം വാങ്ങുംമുമ്പ്, അവന് പോയി. ഹാസനില്‍ എഎസ്പിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന വഴി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക കേഡര്‍ പ്രൊബേഷണറി ഐപിഎസ് ഓഫീസര്‍ ഹര്‍ഷ് ബര്ധന് കണ്ണീരോടെ കോളേജിലെ സുഹൃത്ത് എഴുതിയ ഓര്‍മക്കുറിപ്പാണിത്. സിവില്‍ എഞ്ചിനീയറായിരുന്ന ഹര്‍ഷിന്റെ സ്വപ്നമായിരുന്നു ഐപിഎസ്.
2022-ല്‍, ആദ്യശ്രമത്തില്‍ തന്നെ യുപിഎസ്സി എഴുതിയെടുത്ത ഹര്‍ഷിനെ സിവില്‍ സര്‍വീസെന്ന സ്വപ്നത്തിലേക്ക് കൈ പിടിച്ച് നടത്തിയത് എസ്ഡിഎമ്മായിരുന്ന അച്ഛന് അഖിലേഷ് കുമാര്‍ സിംഗാണ്. ആദ്യ പോസ്റ്റിംഗിന് മുന്‍പേ തന്നെ ഹര്‍ഷിന്റെ യാത്ര അവസാനിക്കുമ്പോള്‍, മകന്റെ മൃതദേഹത്തിനരികെ കണ്ണീര് വറ്റിയാണ് ആ അച്ഛനിരുന്നത്.
വിതുമ്പിയ സഹോദരനെ ചേര്‍ത്ത് പിടിച്ച് കൂടെയുണ്ടായിരുന്നു, ഹര്‍ഷിന്റെ അക്കാദമിയിലെ കൂട്ടുകാര്‍. ഉന്നത ഉദ്യോഗസ്ഥരോരോരുത്തരായി വന്ന് ആദരമര്‍പ്പിച്ച് മടങ്ങി. ഗാര്‍ഡ് ഓഫ് ഓണറും ഏറ്റുവാങ്ങി ഹര്‍ഷിന്റെ മൃതദേഹം അവസാന യാത്രയ്ക്കായി പുറത്തേക്കെടുത്തപ്പോള്‍ ഉള്ളുപൊട്ടിക്കരഞ്ഞ് അമ്മ. മധ്യപ്രദേശിലെ സിംഗ്രോളിയിലുള്ള ദോസറിലെ വീട്ടില്‍ ഇന്ന് ഹര്‍ഷിന്റെ സംസ്കാരച്ചടങ്ങുകള്‍ നടക്കും.
Discussion about this post