തിരുവനന്തപുരം: സ്‌കൂളുകളില്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴുള്ള രീതി പഠനയാത്രയെ വിനോദയാത്രയാക്കി മാറ്റുന്ന അവസ്ഥയാണ്. വന്‍ തുകയാണ് ചില സ്‌കൂളുകള്‍ യാത്രകള്‍ക്കായി നിശ്ചയിക്കുന്നതെന്നും ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
അതിനാല്‍ സ്‌കൂളുകളില്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്നും പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നുവെന്നും സമ്മാനങ്ങള്‍ കൊണ്ട് വരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആയതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post