ഝാന്‍സി: ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് രാജ്യത്തെയൊന്നടങ്കം നടുക്കിയ തീപിടിത്തമുണ്ടായത്.
സംഭവ സമയം തീവ്ര പരിചരണ വിഭാഗത്തില്‍ അന്‍പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, പരുക്കേറ്റ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്കി.
കൂടാതെ സംഭവത്തെ കുറിച്ച് 12 മണക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ത്സാന്‍സി ഡിവിഷണല്‍ കമ്മിഷണര്‍, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Discussion about this post