ചെന്നൈ: തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് സ്കൂളിലെ പ്രധാനാധ്യാപിക. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോടായിരുന്നു ക്രൂരത. ഒരു പെണ്‍കുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണ് ടേപ് ഒട്ടിച്ചത്.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കളക്ടര്‍ക്ക് പരാതി നല്കി. തഞ്ചാവൂരിലെ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം. ക്ലാസ് റൂമില്‍ സംസാരിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപികയായ പുനിതയാണ് കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചത്.
നാല് മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിര്‍ത്തിയെന്നും ഒരു കുട്ടിയുടെ വായില്‍ നിന്ന് രക്തം വന്നെന്നുമാണ് പരാതി. ചില കുട്ടികള്‍ക്ക് ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്.
കുട്ടികളുടെ ചിത്രങ്ങള്‍ സ്കൂളിലെ ഒരു അധ്യാപികയാണ് മാതാപിതാക്കള്‍ക്ക് അയച്ചത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം സംഭവം വിദ്യാലയത്തിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും നിഷേധിച്ചു. ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു പ്രധാനാധ്യാപികയുടെ വാദം.
Discussion about this post