കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പുറത്തിറങ്ങി.
നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഃഖമുണ്ടെന്ന് ദിവ്യ പറഞ്ഞു.
ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിവ്യ. താന്‍ ഉദ്യോഗസ്ഥരോട് സദുദ്ദേശത്തോടെ മാത്രമേ ഇടപെടാറുള്ളൂവെന്നും പി പി ദിവ്യ ആവര്‍ത്തിച്ചു.
താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും പി പി ദിവ്യ പറഞ്ഞു.
‘ എന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തില്‍ 14 വര്‍ഷമായി ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഉദ്യോഗസ്ഥരുമായും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി സഹകരിച്ച് പോകുന്നയാളാണ് ഞാന്‍. പക്ഷേ ദൗര്‍ഭാഗ്യവശാല്‍, ഞാന്‍ ഇപ്പോഴും പറയുന്നു. സദുദ്ദേശപരമായിട്ട് മാത്രമേ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളൂ.”- ദിവ്യ പറഞ്ഞു.
Discussion about this post