തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിശക്തമായ മഴ. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി, ഇതോടെ ഓപ്പറേഷന് തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസത്തോളമായി ശക്തമായ മഴയാണ് പെയ്യുന്നത്. ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു. ആശുപത്രിയിലെ വാര്‍ഡിനും ഓപ്പറേഷന് തിയേറ്ററിനുമിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് വെള്ളം കയറിയത്.
ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് രോഗികളെ എത്തിക്കുന്ന ഇടത്ത് മേല്‍ക്കൂരയുടെ നിര്ര്മ്മാണ പ്രവൃത്തികളാണ് നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റും ഓടയിലാണ് ഇട്ടത്. ഓടിയിലെ ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വെള്ളം ആശുപത്രിക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
ഇന്നത്തെ ശസ്ത്രക്രിയകള്‍ എല്ലാം മടുക്കം കൂടാതെ നടന്നു. എന്നാല്‍ ആശുപത്രിയിലെത്തിയ രോഗികളെല്ലാം ബുദ്ധിമുട്ടിലായി. ശുചീകരണ പ്രവൃത്തികള്‍ നടത്തി നാല് ദിവസത്തിന് ശേഷം അണുബാധയില്ലായെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമെ ഇനി ശസ്ത്രക്രിയകള്‍ നടക്കൂവെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post