കൊല്ലം: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലിയാണ് പിടിയിലായത്.
കൊല്ലം അഞ്ചല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ചല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷെമീര്‍ അലി വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്.
ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. ശേഷം വിവാഹവാഗ്ദാനം നല്കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു.
അതിനിടെ അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് ഷെമീര്‍ അലിയുടെ യഥാര്‍ത്ഥ മുഖം മനസ്സിലായതോടെ പരാതി നല്‍കുകയായിരുന്നു. ഷെമീര്‍ അലി തന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്ന വിവരം മനസിലാക്കിയ പെണ്‍കുട്ടി ആദ്യം ബന്ധത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ചു.
ഇതോടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലേക്ക് കടന്നു. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
പിന്നാലെ ഷെമീര്‍ അലിയെ അഞ്ചല്‍ പൊലീസ് രാമനാട്ടുകരയില്‍ നിന്ന് പിടികൂടി. മുപ്പത്തോളം കുട്ടികളെ ഇയാള്‍ ഇരയാക്കിയതായി പൊലീസ് കണ്ടെത്തി.
Discussion about this post