പാലക്കാട്: ട്രെയിനില്‍ വച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരന് മരിച്ച നിലയില്‍. ഷൊര്‍ണൂര്‍ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് ആണ് മരിച്ചത്. കിടപ്പുമുറിയിലാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുപ്പത്തിനാല് വയസ്സായിരുന്നു. ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മ സുമതിയും പ്രദേശവാസികളും ചേര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ പറഞ്ഞു.
ഷൊര്‍ണൂര്‍ പൊലീസ് എത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. 23കാരിയായ സൗമ്യ 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
Discussion about this post