തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പത്ത് ലക്ഷം നല്‍കും. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം നല്‍കും. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗണ്‍ ഷിപ് ഉണ്ടാക്കും.
മേപാടി നെടുമ്പാല, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റ്റേറ്റ് എന്നീ രണ്ട് സ്ഥലങ്ങള്‍ ആണ് ടൗണ്‍ ഷിപ്പ് പരിഗണിക്കുന്നത്. നിയമ വശം പരിശോധിക്കും. ആദ്യ ഘട്ടത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അതേസമയം, വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140.6 കോടി ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്.
ഇതുവരെ അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം മാത്രമാണ്. പ്രത്യേക സഹായം ഇതുവരെ കിട്ടിയില്ല. കൂടുതല്‍ സഹായം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും.
Discussion about this post