കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. നടിയുടെ ലൈംഗിക പീഡന പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്.
ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസ്. നേരത്തെ മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് യുവനടി പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിഐജി അജിതാ ബീഗം, എഐജി ജി പൂങ്കുഴലി എന്നിവര്‍ നടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
സിനിമയില്‍ അവസരങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ മരടിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടി പൊലീസ് സംഘത്തിന് നല്കിയ മൊഴി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Discussion about this post