കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി താരസംഘടനയായ ‘അമ്മ’യ്ക്കുള്ളില്‍ ഭിന്നത തുടരുന്നു. ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതല്‍ ഭാരവാഹികള്‍ മുന്നോട്ട് വരുമെന്നാണ് സൂചന. വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിയ്ക്കുള്ളില്‍ ആകണമെന്നും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന് പറഞ്ഞു.
ബംഗാളി നടിയുടെ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്‍ക്കുമെന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അന്‍സിബ പറഞ്ഞു. ഇരയുടെ കൂടെ നില്‍ക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളുവെന്നും അന്‍സിബ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും.
റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാന്‍ പോയില്ലെന്നും അന്‍സിബ വ്യക്തമാക്കുന്നു.
Discussion about this post