പുതുക്കാട്: തൃശൂർ വടക്കേ തൊറവ് പട്ടത്ത് വീട്ടിൽ അനഘ (25) എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആനന്ദിനെതിരെ പോലീസ് കേസെടുത്തു. നീണ്ടനാളത്തെ പ്രണയത്തിന് ഒടുവിൽ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തതായിരുന്നു ഇരുവരും. പിന്നീട് വീട്ടുകാർ ഇടപെട്ട് വിവാഹസത്കാരം നടത്താൻ ധാരണയായതിനിടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അനഘ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവാഹ ബന്ധമൊഴിയാൻ ഭർത്താവ് നിർബന്ധിച്ചതാണ് അനഘയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ഒന്നരമാസം മുൻപു ബന്ധു വീട്ടിൽ വച്ചാണ് അനഘ ജീവനൊടുക്കാൻ ശ്രമിച്ചത്.
നേരത്തെ അടുപ്പത്തിലായിരുന്ന ഇവരുടെ ബന്ധം അനഘയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ഇതോടെ ഇരുവരും ആറു മാസം മുൻപ് രജിസ്റ്റർ വിവാഹം നടത്തി. അനഘയുടെ വീട്ടുകാർ രജിസ്റ്റർ വിവാഹം നടന്നത് അറിഞ്ഞിരുന്നില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താൻ വീട്ടുകാർ തമ്മിൽ ധാരണയായിരുന്നു,
ഈ സമയത്താണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. അനഘയെ ജോലിക്ക് പോകാൻ ആനന്ദ് അനുവദിച്ചില്ലെന്നു പറയപ്പെടുന്നു. അനഘയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് രജിസ്റ്റർ വിവാഹത്തെ കുറിച്ച് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പോലീസിൽ പരാതി നൽകി. വിഷയത്തിൽ ശക്തമായ നടപടിവേണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
അതേസമയം, ആത്മഹത്യാ ശ്രമത്തിന് പിന്നാലെ തന്നെ അനഘയുടെ കുടുംബത്തിന്റെ പരാതിയിൽ ആനന്ദിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നതായി പുതുക്കാട് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Discussion about this post