അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന് വേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയാണ് കേരളമൊന്നാകെ. അർജുന് വേണ്ടി തിരച്ചിൽ വേഗത്തിലാക്കാൻ സമ്മർദ്ദവുമായി നാട്ടുകാരും മലയാളി രക്ഷാപ്രവർത്തകരും മാധ്യമങ്ങളുമെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയൊന്നും പ്രാധാന്യമില്ലാതെ ആരോരും തിരക്കാൻ പോലുമില്ലാതെ പലജീവനുകളും ഇതേ മണ്ണിനടിയിൽ അകപ്പെട്ട് കിടക്കുന്നുണ്ട്.
എന്തുപറ്റിയെന്ന് അറിയാതെ, അപകടത്തിൽപ്പെട്ട് മണ്ണിനടിയിലേക്ക് പോയോ നദിയിലേക്ക് ഒഴുകി പോയോ എന്നൊന്നും ഇനിയും ഉറപ്പിക്കാനാകാതെ പലരുടേയും ഉറ്റവരും ആശങ്കയിലാണ്. തമിഴ്‌നാട് സ്വദേശിയായ ശരവണൻ(39) എന്ന ലോറി ഡ്രൈവറേയും ഇത്തരത്തിൽ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായിരിക്കുകയാണ്. പത്താംനാൾ അർജുനായുള്ള തിരച്ചിൽ തുടരുമ്പോൾ ശരവണന് വേണ്ടിയും ഇതേ ജാഗ്രത വേണമെന്ന് രക്ഷാപ്രവർത്തകരോട് അഭ്യർഥിക്കുകയാണ് ശരവണന്റെ അമ്മാവനായ സെന്തിൽ കുമാർ.
ശരവണന് വേണ്ടി എത്തിയ ഒരേയൊരാളാണ് സെന്തിൽ. ആ നാട്ടിൽ നിന്ന് ജനപ്രതിനിധികളോ മറ്റ് ഉദ്യോഗസ്ഥരോ ആരും ഇതുവരെ സ്ഥലം സന്ദർശിക്കുക പോലും ചെയ്തിട്ടില്ല. ഭാഷ പരിമിതി ഉൾപ്പടെയുള്ള കാരണങ്ങളാൽ ഒന്നും ചെയ്യാനാകാത്ത വിഷമത്തിൽ നിസ്സഹായനായി ഇവിടെ തുടരുകയാണ് ശരവണന്റെ അമ്മാവൻ. എന്ത് ചെയ്യണമെന്നോ ആരോട് സംസാരിക്കണമെന്നോ അറിയാതെ അദ്ദേഹം നിസ്സഹായനാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അർജുന്റെ തിരച്ചിലിനായി ലഭിക്കുന്ന പിന്തുണ ശരവണനുംകൂടി കിട്ടണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് സെന്തിൽ പറയുന്നു. ‘നദിയിലെ വെള്ളത്തിലോ മണ്ണിനടിയിലോ ശരവണനുണ്ടാകുമോ, അതോ ഒഴുകിപ്പോയോ എന്നൊന്നും അറിയില്ല. തമിഴ്‌നാട് സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ തിരച്ചിലിനായി അവർ സമ്മർദ്ദം ചെലുത്തി. പക്ഷെ, ഒരാളുപോലും ഇവിടേക്ക് എത്തിയില്ല. കർണാടകയിലെ ജില്ലാ കളക്ടറും എസ്പിയുമായി സംസാരിച്ചിരുന്നു. കാണാതായ ലക്ഷ്മണനും അർജുനനും ലഭിക്കുന്ന അതേ പ്രധാന്യം ശരവണനും ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. ആ വിശ്വാസത്തിലാണ് ഞാനിവിടെ നിൽക്കുന്നത്.’- ന്തെിൽ കുമാരിന്റെ വാക്കുകളിങ്ങനെ.
അർജുനുമായി ബന്ധമുള്ളവരോട് അന്വേഷിച്ചാണ് എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുന്നത്. ദുരന്തമുണ്ടായ സ്ഥലത്തേക്ക് രാവിലെ 7.30-ഓടെയാണ് ലോറിയുമായി ശരവണൻ എത്തിയത്. ദാർവാഡിൽ ചരക്ക് ഇറക്കി മടങ്ങുകയായിരുന്നു. മംഗലാപുരത്തെത്തി ചരക്ക് കയറ്റുകയായിരുന്നു അടുത്ത ലക്ഷ്യം. സ്ഥിരമായി ലോറി നിർത്തിയിടുന്ന സ്ഥലമാണ് ഇത്. രാവിലെ 7.36-ന് ശരവണൻ വീട്ടുകാരോട് സംസാരിച്ചിരുന്നു.
പത്തുമണിയോടെയാണ് അപകടവിവരം അറിഞ്ഞപ്പോൾ തന്നെ ഫോണിൽ വിളിച്ചെങ്കിലും ശരവണന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും വിളിച്ചിട്ട് കിട്ടിയതുമില്ല. തുടർന്ന് ലോറി ഉടമയെ ഉടൻ വിവരം അറിയിച്ചു. അദ്ദേഹം അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തു. എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പറഞ്ഞ് തിരികെപോവുകയും ചെയ്തു.
also read- കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
അപകടം നടന്ന മലയ്ക്ക് താഴെ നിന്നും ലോറി കണ്ടെത്തിയെങ്കിലും ശരവണനെ കാണാനില്ലായിരുന്നു. ഒരു പാതി ശരീരമുള്ള മൃതദേഹം ലഭിച്ചെന്ന് അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. ഇതിനായി ശരവണന്റെ അമ്മ വന്ന് പിന്നീട് മടങ്ങി. ശരവണന് ആറ് വയസ്സുള്ള ഒരു മകനുണ്ട്. ലോറി ഓടിച്ചാണ് കുടുംബം നോക്കുന്നത്. വേറെ സാമ്പത്തിക മാർഗം ഒന്നുമില്ല. അവനെ എങ്ങനെയെങ്കിലും തിരികെകിട്ടണമെന്നാണ് കണ്ണീരോടെ ബന്ധുവായ സെന്തിൽ കുമാർ പറയുന്നത്.
Discussion about this post