ന്യൂഡൽഹി: സഹപ്രവർത്തകരുടെ മാനസിക പീഡനം സഹിക്കാനാകാതെ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27)യാണ് ആത്മഹത്യ ചെയ്തത്. നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജരായിരുന്നു ശിവാനി. ജോലി സ്ഥലത്ത് നേരിട്ട ബോഡി ഷെയിമിംഗും കളിയാക്കലകളും സഹിക്കാനാകാതെ യുവതി മാനസികമായ പിരിമുറുക്കത്തിലായിരുന്നു എന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
വെള്ളിയാഴ്ചയാണ് യുവതിയെ ഗാസിയാബാദിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. യുവതിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. ഈ കത്തിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് ശിവാനി വിശദീകരിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
ആറുമാസത്തോളമായി സഹപ്രവർത്തകരുടെ ഉപദ്രവം ശിവാനി സഹിക്കുകയായിരുന്നു. സഹപ്രവർത്തകരായ അഞ്ചുപേരുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇവർക്ക് വധശിക്ഷ നൽകണമെന്നാണ് ശിവാനി കുറിച്ചിരിക്കുന്നത്. ഓഫീസിലെ പീഡനം സംബന്ധിച്ച് ശിവാനി ഏറെ വൈകിയാണ് തങ്ങളോട് പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. ആദ്യമൊക്കെ സഹപ്രവർത്തകരുടെ പീഡനം സഹിച്ച ശിവാനി സഹിക്കാനാകാതെ വന്നതോടെയാണ് വെളിപ്പെടുത്തിയത്.
ശിവാനിയുടെ സഹപ്രവർത്തകയായ ഒരു യുവതി സ്ഥിരമായി പരിഹസിച്ചിരുന്നു. ശിവാനിയുടെ വസ്ത്രധാരണം, ഭക്ഷണശീലങ്ങൾ, സംസാരശൈലി എന്നിവയെയെല്ലാം അവർ പരിഹസിച്ചു. പല പേരുകൾ വിളിച്ചും സഹോദരിയെ കളിയാക്കിയിരുന്നതായും സഹോദരൻ ആരോപിച്ചു. തുടർന്ന് ജോലി രാജിവെയ്ക്കാനും യുവതിശ്രമിച്ചിരുന്നു. എന്നാൽ കമ്പനി ജോലിയിൽ നിന്ന് വിടുതൽ നൽകിയിരുന്നില്ല.
ALSO READ- നിർധനർക്ക് വിതരണം ചെയ്യാനെത്തിച്ച 2 കോടിയുടെ അരി മോഷ്ടിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ
ഒരിക്കൽ സഹപ്രവർത്തകയുടെ ഉപദ്രവം സഹിക്കാനാകാതെ ശിവാനി നിലവിട്ടുപെരുമാറിയെന്നും ശിവാനിക്ക് അവരുടെ മുഖത്തടിക്കേണ്ടി വന്നുവെന്നും സഹോദരൻ പറഞ്ഞു. തുടർന്ന് കമ്പനി ശിവാനിക്ക് പിരിച്ചുവിടൽനോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ ശിവാനി ദിവസങ്ങൾക്ക് ശേഷം ജീവനൊടുക്കുകയായിരുന്നു എന്നാണ് സഹോദരൻ ഗൗരവ് പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)
Discussion about this post