ന്യൂഡൽഹി: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കംചെയ്യുന്നതിനിടെ മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് ഇന്ത്യൻ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എഎ റഹീം എംപി. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റഹീം മാധ്യമങ്ങളെ അറിയിച്ചു.
ജോയിയുടെ കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പരമാവധി ഇടപെടാൻ ശ്രമിച്ചിരുന്നു. മകനെ ജീവനോടെ ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ അമ്മ പ്രതീക്ഷിച്ചിട്ടുണ്ടാകാം. റെയിൽവേയ്ക്ക് മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ഉണ്ടെങ്കിൽ അടിയന്തരമായി അദ്ദേഹത്തിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
നമ്മൾ ഉചിതമെന്ന് കരുതുന്ന നഷ്ടപരിഹാരം ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ച് ഏറ്റവും ചെറിയ കാര്യമാണ്. ആ ഇന്ത്യൻ റെയിൽവേ ഈ സാധുമനുഷ്യന്റെ ദുരന്തത്തിന് കാരണായ ഈ പശ്ചാത്തലത്തിൽ നഷ്ടപരിഹാരം നൽകേണ്ടതാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തന്നെ ഇത്തരമൊരു തീരുമാനം റെയിൽവേ മന്ത്രാലയത്തിൽ നിന്നും ഉണ്ടാകാത്തത് അങ്ങേയറ്റം അനുചിതമാണെന്നും എഎ റഹീം പറഞ്ഞു. നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇത് രണ്ടാമത്തെ കത്താണ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post