തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം അറപ്പക്കടുത്താണ് സംഭവം. തമിഴ്നാട് നീലഗിരി സ്വദേശി അമന്‍കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വലപ്പാട് ബീച്ചില്‍ നിന്നാണ് 21കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു അമന്‍കുമാര്‍.
നീലഗിരിയില്‍ നിന്നെത്തിയ ആറംഗ സംഘം തമ്പാന്‍കടവ് അറപ്പത്തോടിനു സമീപത്തെ കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് അഴീക്കോട് തീരദേശ പൊലീസിന്റെ സ്പീഡ് ബോട്ട് തിരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ ശക്തമായ തിരയില്‍ ബോട്ടിന് മുന്നോട്ടു പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ ഇന്നലെ കണ്ടെത്താനായില്ല.
ഇന്ന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ തീരദേശ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രത്തിനം ഐടി കമ്പനി ജീവനക്കാരനാണ് അമന്.
Discussion about this post