തിരുവനന്തപുരം: കുവൈറ്റിൽ മംഗാഫിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം കൈമാറി തുടങ്ങി. നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം മന്ത്രി ജി ആർ അനിൽ കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ പതിനാല് ലക്ഷം രൂപയുടെ ചെക്ക് അരുൺ ബാബുവിന്റെ ഭാര്യ വിനീതക്ക് കൈമാറുകയായിരുന്നു.
പ്രവാസി വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എംഎ യൂസഫലി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള നൽകുന്ന രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ കൈമാറുന്ന രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയിരിക്കുന്നത്.
അരുൺബാബുവിന്റെ മാതാവിന്റെയും, മക്കളായ അഷ്ടമി, അമേയ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. ജി സ്റ്റീഫൻ എംഎൽഎ, നോർക്ക സിഇഒ അജിത്ത് കോളശേരി എന്നിവരും സന്നിഹിതരായിരുന്നു.
Discussion about this post