പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി കൊണ്ടുവരുന്ന തിരുവാഭരണം തിരിച്ചുവരില്ലെന്ന് ഭീഷണി ലഭിച്ചതായി പന്തളം മുന്‍ കൊട്ടാരം. നിരന്തരം ഭീഷണി ഉണ്ടെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അവര്‍ അറിയിച്ചു. സുരക്ഷ ശക്തമാണെങ്കില്‍ ഭക്തരുടെ ആശങ്ക ഒഴിവാകുമെന്നും മുന്‍ പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞു.
മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണ ഘോഷ യാത്ര പൂര്‍ണ സായുധ പോലീസ് സുരക്ഷയില്‍ ആയിരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പന്തളം കൊട്ടാരത്തിന് വേണ്ടി കൊട്ടാരം മാനേജ്മെന്റ് കമ്മിറ്റി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു.
തിരുവാഭരണ ഘോഷയാത്രയ്ക്ക് പൂര്‍ണ സായുധ പോലീസ് സുരക്ഷ ഒരുക്കുമെന്നും ഡവൈഎസ്പിമാര് ഉള്‍പ്പെടെ ഘോഷയാത്രയെ അനുഗമിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തിരുവാഭരണ യാത്രയെ അനുഗമിക്കുന്ന കൊട്ടാരം പ്രതിനിധിക്കും സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
Discussion about this post