പൊതു തെരെഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ബിജെപി ദേശീയ എക്സിക്യൂട്ടിവിന് ഇന്ന് ഡല്‍ഹി രാംലീല മൈതാനിയില്‍ പരിസമാപ്തി കുറിക്കും. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നീക്കം സംബന്ധിച്ച് പ്രതിപാദിക്കുന്ന പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഇന്ന് സമാപനയോഗത്തില്‍ നടക്കും. കാര്‍ഷിക പ്രമേയത്തിന്റെയും സംഘടന,രാഷ്ട്രീയ പ്രമേയങ്ങളുടെയും അവതരണവും ഉണ്ടായേക്കും.
രാമക്ഷേത്രം അയോധ്യയില്‍ അതേ സ്ഥലത്ത് നിര്‍മ്മിക്കുന്നതില്‍ പിറകോട്ടില്ലെന്ന പ്രഖ്യാപനത്തോടെ ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ ഉദ്ഘാടന പ്രസംഗത്തോടെയാണ് രണ്ട് ദിവസത്തെ ദേശീയ കൌണ്‍സിലിന് തുടക്കമായത്. ഇന്നവതരിപ്പിക്കുന്ന പ്രമേയങ്ങളില്‍ സര്‍ക്കാരിന്റെ വികസന നേട്ടവും വരുന്ന പൊതു തെരഞ്ഞെടുപ്പ് പ്രചരണമുദ്രാവക്യവും ഉണ്ടാകും. മോദിയെ പ്രശംസിച്ച് കൊണ്ടുള്ള പ്രത്യേക പ്രമേയാവതരണവുമുണ്ടായേക്കും.
മുന്നാക്ക സംവരണം, മുത്തലാഖ് എന്നീ നിയമ നിര്‍മാണ ശ്രമങ്ങള്‍ ബി. ജെ.പി വലിയ നേട്ടമായി അവതരിപ്പിക്കുന്നുണ്ട് .ഇവയിലൂടെ സാമൂഹ്യ നീതിയും തുല്യതയും ഉറപ്പാക്കാനായെന്നാണ് അവകാശവാദം. പാര്‍ട്ടി ജനപ്രതിനിധികള്‍, ജില്ലാതലം മുതലുള്ള ഭാരവാഹികള്‍,പോഷക ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങി ആകെ 12000 പ്രതിനിധികളാണ് കൌണ്സിലില് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 200 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനത്തെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.
Discussion about this post