കോഴിക്കോട്: കോഴിക്കോട് എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമർശത്തെ വിമർശിച്ച് സ്ഥലം എംപി എംകെ രാഘവൻ. സംസ്ഥാന സർക്കാരാണ് എയിംസിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയതെന്നും സർക്കാരുമായി സുരേഷ് ഗോപി ചർച്ച നടത്തണമെന്നും എംകെ രാഘവൻ പറഞ്ഞു.
ഇതിൽ തനിക്ക് ഒരു ദുരുദ്ദേശവുമില്ല. കേന്ദ്രസർക്കാർ പ്രതിനിധികൾ കിനാലൂരിൽ എത്തിയിരുന്നു. അവർ തൃപ്തരാണ് എന്നാണ് മനസ്സിലായത്. ഒരു ചർച്ച നടത്തി അത് നഷ്ടമാകുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും രാഘവൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ എയിംസ് എന്നത് 15 വർഷത്തിലധികമായി ചർച്ചചെയ്യുന്നു. 150 ഏക്കർ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. സ്ഥലം ഒരു വിഷയമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കിനാലൂരിൽ സ്ഥലം കണ്ടെത്തിയത്. സുരേഷ് ഗോപി സംസ്ഥാന സർക്കാറുമായി ആലോചന നടത്തണം. അത് മറന്നേക്കൂ എന്ന ഏകപക്ഷീയമായ ഭാഷ ശരിയല്ല. എയിംസ് ചെറിയ വിഷയമല്ല. സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. അദ്ദേഹവുമായി ചർച്ചനടത്തും. കോഴിക്കോടുവന്ന് അത് മറന്നേക്കൂ എന്ന് പറയരുതായിരുന്നു,- എന്നും രാഘവൻ പറഞ്ഞു.
കഴിഞ്ഞദിവസം കോഴിക്കോടെത്തിയ സുരേഷ് ഗോപി എയിംസ് കോഴിക്കോട് വേണമെന്ന എംകെ രാഘവൻ എംപിയുടെ ആവശ്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. ആഗ്രഹിക്കാൻ ആർക്കും അവകാശമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എയിംസ് എവിടെ വേണമെന്നതിൽ 2016-ൽ താൻ അഭിപ്രായം പറഞ്ഞതാണെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, എംകെ രാഘവന് രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്നും വിമർശിച്ചു.
Discussion about this post