കുമ്പള : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനെതിരെ വ്യാജമായി പോക്‌സോ കേസ് കെട്ടിച്ചമച്ച സംഭവം തെളിഞ്ഞതോടെ തുടർനടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപ ഡയറക്ടർ. ഇതോടെ വിദ്യാർഥികളെ കൊണ്ട് വ്യാജ പരാതി കൊടുത്ത് മാനസികമായി പീഡിപ്പിച്ച അധ്യാപികമാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
അധ്യാപകനെതിരേ പോക്‌സോ പരാതി നൽകാൻ ഇതേ സ്‌കൂളിലെ രണ്ട് അധ്യാപികമാർ വിദ്യാർഥിനികളെ നിർബന്ധിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ തന്നെ ഈ വാദങ്ങളുമായി കുട്ടികളുടെ രക്ഷിതാക്കളും പിടിഎ ഭാരവാഹികളും നേരത്തേ രംഗത്തെത്തിയിരുന്നു.
പത്താം ക്ലാസ് വിദ്യാർഥിനികളായ രണ്ട് പേരെ കൗൺസലിങ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അധ്യാപികമാർ വെള്ളക്കടലാസിൽ ഒപ്പിടിവിച്ചു വാങ്ങിയത്. ഈ സമയത്ത് എസ്എസ്എൽസി മാതൃകാപരീക്ഷ നടക്കുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വന്നപ്പോഴാണ് കേസിനെ കുറിച്ച് കുട്ടികൾ അറിയുന്നത്. അധ്യാപകനെതിരെ യാതൊരു പരാതിയും ഇല്ലാത്ത കുട്ടികളെ നിർബന്ധിച്ച് കൊണ്ടുപോയതിനെത്തുടർന്ന് കുട്ടികൾ മാനസികമായി തകർന്നതായി രക്ഷാകർത്താക്കൾ പറയുന്നു.
ALSO READ- ഫേസ്ബുക്കിലൂടെ പരിചയം; പെൺകുട്ടിയെ സ്‌കൂളിലെത്തി കടത്തിക്കൊണ്ടുപോയി; 23കാരൻ അറസ്റ്റിൽ
ഇതേതുടർന്നുള്ള മാനസികസംഘർഷം കുട്ടികളുടെ എസ്എസ്എൽസി പരീക്ഷ നല്ല നിലയിൽ എഴുതുന്നതിനെ പോലും ബാധിച്ചു. ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമോ എന്ന ഭയത്തിലാണെന്നും രക്ഷിതാക്കൾ പറയുന്നു. മക്കളുടെ ഭാവിയെ തന്നെ തകർക്കാൻ കൂട്ടുനിന്ന അധ്യാപികമാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ചൈൽഡ് ലൈൻ എന്നിവർക്കും പരാതി നൽകിയിരുന്നു.
പോക്‌സോ കേസിൽ അധ്യാപകനെതിരെയുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് കേസിൽ ഇരയാക്കപ്പെട്ട കുട്ടിയുടെ മാതാവ് ജില്ലാ പോലീസ് മേധാവിക്കും ചൈൽഡ് ലൈനും പരാതി നൽകിയത്.
Discussion about this post