തൃശ്ശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി വിജയിക്കുകയും യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കേരളത്തിൽ ഇനിയും താമര വിരിയുമെന്ന് പത്മജ പറഞ്ഞു.
തോൽവി സംബന്ധിച്ച് കെ മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് പത്മജ പറഞ്ഞു. തന്നെ ചതിച്ചവർ ഇന്ന് കൂടെയുണ്ട്. അതാണ് തോൽവിക്ക് കാരണമെന്നും പത്മജ വിശദീകരിച്ചു. അപമാനം കൊണ്ട് പൊട്ടിക്കരഞ്ഞാണ് താൻ പാർട്ടി വിട്ടത്. കോൺഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയമാണെന്നും ഇപ്പോഴത്തെ തന്റെ തീരുമാനം തെറ്റിയില്ലെന്നും പത്മജ പറഞ്ഞു.
ഇത്തരത്തിൽ കോൺഗ്രസുകാരുടെ കള്ളക്കളി പൊളിച്ചില്ലെങ്കിൽ ആളുകൾ തമ്മിൽ തമ്മിൽ അടിച്ച് പിരിയും. അതിലേക്കാണ് കോൺഗ്രസ് കൊണ്ടുപോകുന്നതെന്നും പത്മജ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം കൂടി. തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ട് ശതമാനം നല്ല രീതിയിലാണ് കൂടിയിരിക്കുന്നത്. ഓരോ തവണയും ബിജെപിയ്ക്ക് വോട്ട് ഷെയർ കൂടുന്നുണ്ട്. തൃശ്ശൂർക്ക് നല്ല രാഷ്ട്രീയ ബോധമുണ്ട്. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പ്രതികരിച്ചു.
ചേട്ടനോട് ഇപ്പോഴും സ്നേഹവും ബഹുമാനവുമുള്ള അനിയത്തിയാണ് താനെന്നും, ആര് ബിജെപിയിലേക്ക് വന്നാലും സന്തോഷം. തെറ്റിദ്ധരിച്ച കുറേ ആളുകൾ അപ്പുറത്തുണ്ട്. അവരെല്ലാം ഇവിടെ വന്ന് ഈ പാർട്ടിയുടെ സ്നേഹവും അച്ചടക്കവും സ്ത്രീകളോടുള്ള പെരുമാറ്റവും കണ്ട് പഠിച്ചാൽ എല്ലാവരും വരുമെന്നാണ് പത്മജ അഭിപ്രായപ്പെട്ടത്.
Discussion about this post