ഡൽഹി: പോലീസ് സേനയിലെ പ്രമോഷന് വേണ്ടിയുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കടുത്തചൂട് തുടരുന്നതിനിടെയാണ് തുറസായ സ്ഥലത്ത് ട്രെയിനിംഗ് നടത്തിയിരുന്നത്. ഇതിനിടെയാണ് ദാരുണസംഭവം. വടകര സ്വദേശിയായ എഎസ്ഐ ബിനീഷാണ് മരിച്ചത്.
കടുത്ത ചൂടിൽ നടക്കുകയായിരുന്ന പരിശീലനത്തെ തുടർന്ന് ബിനീഷിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. പരിശീലനത്തിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥരും ചികിത്സയിലാണ്.
കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന ഉത്തരേന്ത്യയിൽ 49 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ താപനില. ഈസമയത്തായിരുന്നു ബഷീറാബാദിലെ പോലീസ് ട്രെയിനിങ് ക്യാമ്പിൽ എഎസ്ഐ പരിശീലനം നടന്നിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ട്രെയിനിങ് ആരംഭിച്ചിരുന്നു. ഇതിൽ പങ്കെടുത്തുവരികയായിരുന്നു ബിനീഷ്.
നിർജ്ജലീകരണം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ബിനീഷിന് അനുഭവപ്പെട്ടിരുന്നു എന്നാണ് വിവരം. പിന്നാലെ കുഴഞ്ഞുവീഴുകയും സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദീൻദയാൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Discussion about this post