കാസര്‍കോട്: കാസര്‍കോട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുടക് സ്വദേശിയായ 35 വയസുകാരന് പി എ സലീമാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. പ്രതിയെ തിരിച്ചറിഞ്ഞിട്ടും കാലങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മൂലം പ്രതിയിലേക്ക് എത്താന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു.
പ്രതി കാഞ്ഞങ്ങാട്ട് ആയിരിക്കുമ്പോള്‍ ഭാര്യയുടെയും കുടകില്‍ വീട്ടില്‍ താമസിക്കുമ്പോള്‍ അമ്മയുടെയും ഫോണാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.
എന്നാല്‍ ഭാര്യയെ മറ്റൊരാളുടെ ഫോണില്‍ നിന്ന് പ്രതി വിളിച്ചത് പോലീസിന് വഴിത്തിരിവായി. തുടര്‍ന്ന് ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടുകയായിരുന്നു.
Discussion about this post