കൽപറ്റ: വയനാട്ടിലെ റിസോർട്ടിലെത്തിയ വിനോദസഞ്ചാരിയായ എംബിബിഎസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടത്തിപ്പുകാരിൽ ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ വീട്ടിൽ സികെ ഷറഫുദ്ദീനെയാണ് (32) മേപ്പാടി ഇൻസ്പെക്ടർ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽപേർ പിടിയിലാകാനുണ്ട്. മാർച്ച് 24ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ദിണ്ടികൽ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ സംഘമാണ് റിസോർട്ടിലെത്തിയത്. സ്വിമ്മിംഗ് പൂളിൽ നിന്നും കുളികഴിഞ്ഞ് പുറത്തേക്ക് കടക്കുന്നതിനിടെയാണ് ഇരുമ്പ് ഫെൻസിൽ നിന്നും ഷോക്കേറ്റ് ബാലാജി (21) എന്ന വിദ്യാർഥി മരിച്ചത്.
പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാരുടെ പങ്ക് തെളിഞ്ഞത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫോറൻസിക് വിദഗ്ധരും കെഎസ്ഇബി അധികൃതരും പരിശോധിച്ച് പോലീസിന് റിപ്പോർട്ട് നൽകിയതോടെയാണ് കുറ്റകൃത്യം തെളിഞ്ഞത്.
റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യംചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. അപകടത്തിന് തലേദിവസം ഇയാളും ഷറഫുദ്ദീനും നടത്തിയ വാട്സ് ആപ്പ് സന്ദേശങ്ങൾ പോലീസ് വീണ്ടെടുത്തിരുന്നു.
ഈ അന്വേഷണത്തിലാണ് ഷറഫുദ്ദീന് വൈദ്യുത തകരാറിനെക്കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും പൂളിന് സമീപത്ത് ഷോക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നും അത് ഉപയോഗിക്കരുതെന്നുമുള്ള വയറിങ്ങുകാരന്റെ നിർദേശം അവഗണിച്ചതായും പോലീസിന് വ്യക്തമായത്.
പൂളിന് സമീപമുള്ള വൈദ്യുത തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ വിദ്യാർഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായത്. ബാലാജിയടക്കമുള്ള 12 മെഡിക്കൽ വിദ്യാർഥികൾ മാർച്ച് 24നാണ് കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ല റിസോർട്ടിലെത്തിയത്. രാത്രി ഏഴ് മണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിങ് പൂളിലിറങ്ങി കുളിച്ചിരുന്നു.
പിന്നീട് 7.20 ഓടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പൂളിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങിന്റെ മധ്യഭാഗത്തുള്ള ഗേറ്റിൽനിന്ന് ബാലാജിക്കും സുഹൃത്തുക്കൾക്കും ഷോക്കേറ്റത്. ബാലാജിക്ക് നെഞ്ചിന് ഷോക്കേറ്റതാണ് മരണത്തിന് കാരണമായത്. മറ്റുവിദ്യാർഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Discussion about this post