തിരുവനന്തപുരം: പാങ്ങോട് ഭാര്യയെ ഭര്‍ത്താവ് കാട്ടില്‍ കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചു. പാലോട് സ്വദേശി ഷൈനിയെയാണ് ഭര്‍ത്താവ് സോജി കാട്ടിലെത്തിച്ച് അതിക്രൂരമായി ആക്രമിച്ചത്. ഷൈനിയെ സിജോ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
കുറേ നാളുകളായി പിരിഞ്ഞു കഴിയുകയായിരുന്നു ഷൈനിയും സോജിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് പേരും ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞ് സോജി ഷൈനിയെ മൈലമൂട് ജംഗഷനിലേക്ക് വിളിച്ചു വരുത്തുകയും ആക്രമിക്കുകയുമായിരുന്നു.
മൈലമൂട് ജംഗഷനിലെത്തിയ ഷൈനിയെ ബൈക്കില്‍ കയറ്റി കരുമണ്‍കോട് വനത്തിലെത്തിച്ചു. ഇവിടെ വച്ചാണ് കൈയ്യില്‍ കരുതിയ ചുറ്റിക കൊണ്ട് ഷൈനിയുടെ രണ്ട് കാല് മുട്ടും അടിച്ചു തകര്‍ക്കുകയും വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
ആക്രമണത്തില്‍ ഷൈനിയുടെ തലയ്ക്ക് പരിക്കേറ്റു. അവശയായ കിടന്ന ഷൈനിയെ നാട്ടുകാരില്‍ ചിലരാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സോജിയെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ഷൈനി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post