തിരുവനന്തപുരം: എഞ്ചിനിയറിങ്, പോളിടെക്‌നിക്കുകളില്‍ ഇനി അഞ്ച് ശതമാനം സീറ്റില്‍ സൗജന്യ പഠനം. എഞ്ചിനിയറിങ്, പോളിടെക്‌നിക് എന്നിവിടങ്ങളിലെ അഞ്ചു ശതമാനം സീറ്റില്‍ ഫീസ് ഇല്ലാതെ സൗജന്യമായി പഠിപ്പിക്കണമെന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നി ക്കല്‍ എജ്യൂക്കേഷന്‍(എസിടിഇ ) നിര്‍ദേശമാണ് നിര്‍ബന്ധമാക്കിയത്. മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് , സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലും ഓരോ ബാച്ചിലും പ്രവേശനം നേടുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കണമെന്ന നിര്‍ദേശം കേരളത്തില്‍ നിര്‍ബന്ധമാക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ നിര്‍ദേശം നല്‍കിയത്.
60 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്ന ഒരു ബാച്ചില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കാനാകും. വാര്‍ഷിക വരുമാനം 4.5 ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് കോഴ്‌സ് കാലാവധി മുഴുവന്‍ സൗജന്യമായി പഠിക്കാനാകുക. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളിലാകെ 3340 സീറ്റുണ്ട്. ഇവിടെ മാത്രം 150 സീറ്റില്‍ സൗജന്യപഠനം ഉറപ്പാക്കാനാകും. എയ്ഡിഡ് എന്‍ജിനിയറിങ് കോളേജുകളില്‍ 1850 സീറ്റാണുള്ളത്. 90 കുട്ടികള്‍ക്ക് സൗജന്യമായി പഠിക്കാം.
സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ 348 പേര്‍ക്കും സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ 2100 പേര്‍ക്കും ഒരു രൂപ പോലും ട്യൂഷന്‍ ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുങ്ങും. ഒരു വര്‍ഷംമാത്രം സംസ്ഥാനത്ത് പദ്ധതിപ്രകാരം 2688 എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാം. നാലും വര്‍ഷ കോഴ്‌സ് ആയതിനാല്‍ ഒരു വര്‍ഷം സംസ്ഥാനത്ത് 10,000 കുടുംബത്തിന് ഫീസ് നല്‍കാതെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാകും. എംടെക് കോഴ്‌സു കള്‍ക്കും പദ്ധതി ബാധകമാണ്.
കേരളത്തില്‍ ആകെയുള്ള 71 പോളിടെക്‌നിക്കിലായി 14,000 വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും പ്രവേശനം നേടുന്നുണ്ട്. ഇവയില്‍ 20 കോളേജ് സ്വാശ്രയ കോളേജുകളാണ്.
ഇവയില്‍ പലതും പദ്ധതി നടപ്പാക്കിയിട്ടില്ല. നടപ്പാക്കാത്തവയുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നിയമങ്ങള്‍ എഐസിടിഇ മാര്‍ഗനിര്‍ദേശത്തിലുണ്ട്. എഐസിടിഇ അംഗീകാരമുള്ള മുഴുവന്‍ പോളിടെക്‌നിക്കുകളിലും പദ്ധതി നടപ്പാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
2011ലാണ് എഐസിടിഇ അഫിലിയേഷനുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ് ഒഴിവാക്കല്‍ പദ്ധതി (ടിഎഫ്ഡഅബ്ല്യു) നടപ്പാക്കിയത്. കേരളത്തിലും നടപടി സ്വീകരിച്ചെങ്കിലും ഭൂരിപക്ഷം സ്വാശ്രയ കോളേജും നടപ്പാക്കിയില്ല. സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേഷനുള്ള മുഴുവന്‍ കോളേജിലും പദ്ധതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പ്രവേശന പരീക്ഷാ കമീഷണര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
Discussion about this post