മടിക്കേരി: കുടകിൽ നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽപ്രതിശ്രുത വധുവായിരുന്ന 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. യുവാവ് അറുത്തെടുത്ത് കൊണ്ടുപോയ പെൺകുട്ടിയുടെ തലയുടെ ഭാഗം സംഭവം നടന്ന് മൂന്നാംദിനം കണ്ടെത്തി.
പ്രതി എം പ്രകാശ് എന്ന ഓംകാരപ്പയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെയോടെ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കപ്പെടാൻ കാരണമായതായാണ് വിശദീകരണം.
ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. അതേസമയം, തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് എസ്പി കെ രാമരാജൻ വ്യക്തമാക്കി.
സോമവാർപേട്ട താലൂക്ക് സുർലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെയാണ് വ്യാഴാഴ്ച വൈകിട്ട് 5.30ന് ഹമ്മിയാല ഗ്രാമത്തിലെ എം പ്രകാശ് (ഓംകാരപ്പ) തലയറുത്തെടുത്ത് കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് പ്രതി തലയറുത്തത്. തുടർന്ന് ശരീരം അവിടെ തന്നെ ഉപേക്ഷിച്ച് തലയുമായി കടന്നുകളയുകയായിരുന്നു.
ALSO READ- കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി വിനീത് പിടിയിൽ
പരിക്കേറ്റ മാതാപിതാക്കൾ ചികിത്സയിലാണ്. ഓംപ്രകാശുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. എന്നാൽ, പ്രായപൂർത്തി ആകാത്തതിനാൽ ശിശുക്ഷേമ വകുപ്പ് അധികൃതർ ഇടപെട്ട് വിവാഹം തടഞ്ഞു. ഇതോടെ വിവാഹം മുടങ്ങാൻ കാരണം പെൺകുട്ടിയുടെ ചേച്ചിയുടെ സമ്മർദം ആണെന്ന് തെറ്റിദ്ധരിച്ചാണ് ഓം പ്രകാശ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞപ്രതി, കഴിഞ്ഞദിവസം പുലർച്ചെ ചേച്ചിയെ ആക്രമിക്കാനായി വന്നപ്പോഴാണ് ഗർവാല സുർലബി ഗ്രാമത്തിനു സമീപം വെച്ച് പിടിയിലായത്. പകാശിനെ കൂട്ടി പോലീസ് നടത്തിയ പരിശോധനയിലാണു സംഭവ സ്ഥലത്തുനിന്നു 100 മീറ്റർ അകലെ മീനയുടെ തല കണ്ടെടുത്തത്. മീന എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചതറിഞ്ഞു കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്.
Discussion about this post