തിരുവനന്തപുരം: രോഗികളിൽ നിന്നും രണ്ടു രൂപ മാത്രം ഈടാക്കി ചികിത്സ നൽകിയിരുന്ന ഡോക്ടർ രൈരു ഗോപാൽ ആരോഗ്യകാരണങ്ങളാൽ ആതുര സേവനത്തിൽ നിന്ന് ഇടവേളയെടുക്കുന്നു. വിശ്രജീവിതത്തിലേക്ക് കടക്കുന്ന ഡോ. രൈരു ഗോപാലിന് ആശംസയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി.
തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ നന്മയുടെ മറു വാക്കെന്നാണ് ഡോക്ടർ രൈരു ഗോപാലിനെ മുഹമ്മദ് റിയാസ് വിശേഷിപ്പിക്കുന്നു. ആതുര സേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോക്ടറെന്നും കുറിപ്പിലുണ്ട്.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പ്:
നൻമയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാൽ.പുലർച്ചെ മുതൽ ആരംഭിക്കുന്ന പരിശോധന. ദിവസേന വീട്ടിലേക്കെത്തിയിരുന്നത് നൂറുകണക്കിന് രോഗികൾ. ആകെ വാങ്ങാറുള്ള ഫീസ് വെറും 2 രൂപ.ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോ. രൈരു ഗോപാൽ.
അമ്പത് വർഷത്തോളമായി അദ്ദേഹം കണ്ണൂരുകാരുടെ പ്രിയപ്പെട്ട രണ്ടുരൂപ ഡോക്ടറായി ജീവിക്കുന്നു. തന്റെ ജീവിതം കൊണ്ട് ഈ സമൂഹത്തിന് അദ്ദേഹം നൽകുന്ന സന്ദേശം വളരെ വലുതാണ്. തനിക്ക് ആകുന്നത്രകാലം അദ്ദേഹം മനുഷ്യനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചു. ആരോഗ്യം അനുവദിക്കില്ലാത്തതിനാൽ ഇനി രണ്ടുരൂപാ ഡോക്ടറായി തുടരാനാകില്ലെന്ന ഡോ. രൈരുവിൻറെ വാക്കുകൾ, അദ്ദേഹം ആശ്വാസം പകർന്ന എത്രയോ മനുഷ്യരുടെ നൊമ്പരമായി മാറിയിട്ടുണ്ടാകും. എങ്കിലും കഴിയുന്നത്രകാലം അദ്ദേഹം അതു തുടർന്നുവെന്നതുതന്നെ എന്തൊരാശ്വാസകരമായ വാർത്തയാണ്.
ആരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അനേകരുടെ ആശ്രയമാകാൻ ഇനിയും കരുത്തുണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു.
രൈരു ഡോക്ടറെ ഇന്ന് നേരിൽ വിളിച്ച് സ്നേഹം പങ്കുവച്ചു.
Discussion about this post