തിരുവനന്തപുരം: ഇന്നലെ എസ്എസ്എല്‍സി ഫലം പുറത്തു വന്നിരിക്കുകയാണ്. ഇതിനിടെ തന്റെ മകന്റെ എസ്എസ്എല്‍സി ഫലത്തില്‍ അഭിമാനത്തോടെ ഒരു അച്ഛന് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.
മുഹമ്മദ് അബ്ബാസ് എന്ന ഐഡിയില്‍ നിന്നെഴുതിയ കുറിപ്പ് നിരവധിപ്പേര്‍ ഏറ്റെടുത്തു. രണ്ട് എ പ്ലസ് മാത്രം നേടിയ മകന്റെ വിജയത്തിലാണ് പിതാവ് അഭിമാനം കൊണ്ടത്. എന്നാല്‍ പഠനത്തില്‍ മാത്രമല്ല, മകന്റെ ജീവിത ചര്യയിലായിരുന്നു പിതാവിന്റെ അഭിമാനം.
ഞാനെന്റെ മകനെ അഭിമാനത്തോടെ ചേര്‍ത്തു പിടിക്കുന്നു. അന്നത്തില്‍ ഒരോഹരി പൂച്ചകള്‍ക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികള്‍ക്കും കാക്കകള്‍ക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങള്‍ അലക്കുകയും കഴിച്ച പാത്രങ്ങള്‍ കഴുകുകയും സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്. ഞാന്‍ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയില്‍ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാര്‍ക്ക് ഒരോഹരി കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്, നന്നായിട്ട് പന്തു കളിക്കുന്നതിന്, ഈ ഭൂമിയില്‍ എന്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു.
ഏറ്റവും സ്നേഹത്തോടെ ഞാനവന്റെ നിറുകയില്‍ ഉമ്മ വെയ്ക്കുന്നു. ജീവിതത്തിലെ യഥാര്‍ത്ഥ പരീക്ഷകള്‍ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുള്‍ എ പ്ലസ് നേടിയ അവന്റെ കൂട്ടുകാരെയും മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നുവെന്നും അബ്ബാസ് കുറിച്ചു.
Discussion about this post