കണ്ണൂർ: പയ്യന്നൂരിൽ യുവതിയെ മറ്റൊരു വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികവിവരങ്ങൾ പുറത്ത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട മാതമംഗലത്തിനടുത്ത കോയിപ്ര അനില(33)യെ കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. അനിലയുടെ മുഖത്തും ശരീരത്തിലും പരിക്കുകളുണ്ട്. ഇത് യുവതിക്ക് മർദനമേറ്റതിന്റെ തെളിവുകളാണെന്നാണ് സൂചന. അതേസമയം, വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനകം ലഭിക്കും.
അനിലയെയാണ് ഞായറാഴ്ച പയ്യന്നൂർ അന്നൂരിലെ ആളില്ലാത്ത വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. ഇവർ അന്നൂരിലെ ബെറ്റി ജോസഫിന്റെ വീട്ടിലാണ് കൊല്ലപ്പെട്ടത്.അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദർശനപ്രസാദിനെ (ഷിജു- 34) അന്നൂരിൽനിന്ന് 22 കി.മീ. അകലെയുള്ള ഇരൂളിലെ വീട്ടിനടുത്ത പറമ്പിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ബെറ്റി ജോസഫ് കുടുംബസമേതം വിനോദയാത്ര പോയതായിരുന്നു. യാത്ര പോകുമ്പോൾ വീട് നോക്കാനും വളർത്തുനായകൾക്ക് ഭക്ഷണം നൽകാനും സുഹൃത്തായ ഷിജുവിനെ ഏൽപ്പിച്ചിരുന്നു. ഈ വീട്ടിലേക്ക് ഷിജു അനിലയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.
ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടിൽനിന്നും പട്ടികളുടെ അസാധാരണമായ ബഹളം സമീപവാസികൾ കേട്ടിരുന്നു. വെള്ളിയാഴ്ച ഷിജുവിനെ വീട്ടിൽ കണ്ടിരുന്നതായും സമീപവാസികൾ പറഞ്ഞു. ശനിയാഴ്ച ആരെയും കണ്ടിരുന്നില്ല. ഞായറാഴ്ച പുലർച്ചെ അയൽക്കാർ വന്ന് തുറന്നുകിടക്കുന്ന ജനലഴിക്കുള്ളിലൂടെ നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് ഉടൻ പോലീസിൽ വിവരമറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അനിലയെയും കൂട്ടി ഷിജു ഈ വീട്ടിലെത്തിയതെന്നും കൊല നടത്തിയശേഷം വീട് വിട്ടുപോയി സ്വന്തം നാട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്നുമാണ് പോലീസ് കരുതുന്നത്.
സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. പിന്നീട് കാലങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി. ഇവരുടെ ബന്ധം വീട്ടുകാർ അറിയുകയും തുടർന്ന് പല പ്രശ്നങ്ങളും കുടുംബങ്ങൾ തമ്മിലുണ്ടാകുകയും ചെയ്തു. ബന്ധത്തിൽനിന്ന് പിന്മാറാൻ അനില തയ്യാറായെങ്കിലും ഷിജു തയ്യാറായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
Discussion about this post