ഹരിപ്പാട്: ജോലിക്കായി യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്.
അരളിയുടെ എല്ലാ ഭാഗങ്ങളും വിഷാംശം ഉള്ളതാണെന്നും ശരീരത്തിനുള്ളില്‍ കടന്നാല്‍ നേരിട്ട് ഹൃദയത്തെ ബാധിക്കുമെന്നും സൂര്യയുടെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പ് മേധാവി ഡോക്ടര്‍ ഷരീജ പറഞ്ഞു.
ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവം ഇങ്ങനെ…
ലണ്ടനില്‍ ജോലി കിട്ടി പുറപ്പെടുന്നതിന് മുമ്പ് സൂര്യ അയല്‍വീട്ടിലേക്ക് യാത്ര പറയാന്‍ പോയിരുന്നു. ഇതിനിടെ ഫോണ്‍ വന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ മുറ്റത്ത് പൂചെടിയില്‍ വളര്‍ത്തുന്ന അരുളിയുടെ ഇലയും പൂവും നുള്ളി വായിലിട്ട് ചവച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൂര്യ വഴിനീളെ ഛര്‍ദ്ദിച്ചു. ഇമിഗ്രേഷന്‍ ചെക്കിംഗിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post