കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 50 മീറ്ററാക്കണമെന്ന നിർദേശം വനംവകുപ്പ് പിൻവലിച്ചതിന് പിന്നാലെ അകലം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ ദൂരത്തിനിടയ്ക്ക് തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
എന്തിനേക്കാളും പ്രധാന്യം ജനങ്ങളുടെ സുരക്ഷയ്ക്കാണെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. കേരളത്തിൽ കഠിനമായ ചൂടാണെന്നും ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നത് എന്നും കോടതി പറഞ്ഞു.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ 5-6 മീറ്ററാണ് തങ്ങൾ നിർദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. തുടർന്ന് ഇത് കോടതി അനുവദിച്ചു. പ്രധാന ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴുന്നെള്ളിക്കുന്ന ആചാരം അനുവദിക്കുന്നുവെന്നും എന്നാൽ തീവെട്ടിയും ചെണ്ടമേളവും ഈ ദൂരത്ത് ഉണ്ടാവരുത് എന്നും കോടതി നിർദേശിച്ചു.
ഈ മാസം 19നാണ് തൃശൂർ പൂരം. ഇതിന്റെ ഭാഗമായി 18ന് ആനകളുടെ ഫിറ്റ്‌നെസ് പരിശോധനകൾ നടത്തും. 100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുക.
Discussion about this post