ചെന്നൈ: മക്കളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതില്‍ മാതാപിതാക്കളുടെ പങ്കും പിന്തുണയും ഏറെയാണ്. ആത്മവിശ്വാസം പകര്‍ന്ന് അവര്‍ക്കൊപ്പം നിന്നാല്‍ മക്കള്‍ക്കും അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാം. ഇപ്പോഴിതാ തന്റെ സ്വപ്‌നം സഫലമായതിനെ കുറിച്ചുള്ള ഇന്‍ഡിഗോ പൈലറ്റിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്കുള്ള ഫ്ലൈറ്റില്‍ പൈലറ്റ് തങ്ങളുടെ മകനാണെന്നറിയാതെ കയറിയ മാതാപിതാക്കള്‍ക്കും മുത്തച്ഛന്‍മാര്‍ക്കും സര്‍പ്രൈസ് നല്‍കിയ വീഡിയോ ആണ് വൈറലാകുന്നത്. ഇന്‍ഡിഗോയിലെ പൈലറ്റായ പ്രദീപ് കൃഷ്ണനാണ് തന്റെ ഹൃദ്യമായ അനുഭവം പങ്കുവച്ചത്.
തമിഴിലും ഇംഗ്ലീഷിലുമായി പ്രദീപ് കൃഷ്ണന്‍ എന്ന പൈലറ്റാണ് തങ്ങളുടെ കുടുംബവും ഈ വിമാനത്തില്‍ ഉണ്ടെന്നും എനിക്കൊപ്പം അവരും ഇന്ന് യാത്ര ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അനൗണ്‍സ് ചെയ്തത്. മുത്തച്ഛനൊപ്പം ആദ്യമായാണ് ഇങ്ങനെയൊരു യാത്രയെന്നും പ്രദീപ് കൃഷ്ണന്‍ പറയുന്നു.
വിമാനം ഉയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു പൈലറ്റിന്റെ അറിയിപ്പ്. പൈലറ്റായതിന് ശേഷം തന്റെ കുടുംബത്തിനൊപ്പമുള്ള ആദ്യ വിമാനയാത്രയായിരുന്നു പ്രദീപ് കൃഷ്ണന്റേത്. തമിഴും ഇംഗ്ലീഷും കലര്‍ത്തി അദ്ദേഹം തന്റെ കുടുംബത്തെയും മറ്റ് യാത്രക്കാരെയും സ്വാഗതം ചെയ്തു.
എന്റെ കുടുംബവും എന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. എന്റെ താത്തയും പാട്ടിയും അമ്മയും 29-ാം നിരയിലാണ് ഇരിക്കുന്നത്. എന്റെ മുത്തച്ഛന്‍ ഇന്ന് ആദ്യമായി എന്നോടൊപ്പം പറക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ടിവിഎസ് 50 ന്റെ പിന്‍സീറ്റില്‍ പലതവണ യാത്ര ചെയ്തിട്ടുണ്ട്, ഇപ്പോള്‍ അദ്ദേഹത്തിന് ഒരു സവാരി നല്‍കാനുള്ള എന്റെ ഊഴമാണ്,” പ്രദീപ് പറഞ്ഞു.
പ്രദീപ് സംസാരിക്കുമ്പോള്‍ അമ്മ പലപ്പോഴും കണ്ണ് തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. പൈലറ്റിന്റെ മുത്തച്ഛന്‍ എഴുന്നേറ്റ് എല്ലാവരെയും അഭിവാദ്യം ചെയ്ത് കൈ കൂപ്പുമ്പോള്‍ മുത്തച്ഛനോട് ‘ഹായ്’ പറയാന്‍ പ്രദീപ് സഹയാത്രികരോട് ആവശ്യപ്പെടുന്നു. എന്നാല്‍, പ്രദീപ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ താത്തയെയും പാട്ടിയെയും അമ്മയെയും കൈയടിച്ച് സ്വീകരിക്കുന്നുണ്ട്.
Discussion about this post