കോഴിക്കോട്: വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ സമർപ്പിച്ച നാമനിർദേശപത്രികയിലെ ആസ്തി വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. സ്വത്ത് വിവരങ്ങളുടെ കണക്കിൽ കെ സുരേന്ദ്രന് സ്വന്തമായി വാഹനം ഇല്ല. ആകെ എട്ട് ഗ്രാം സ്വർണം മാത്രമാണ് കയ്യിലുള്ളത്. കെ സുരേന്ദ്രന്റെ പേരിൽ 243 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. അതിൽ ഒരെണ്ണം വയനാട്ടിൽ രജിസ്റ്റർ ചെയ്തതാണ്. സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസ് ആണിത്.
കെ സുരേന്ദ്രന്റെ കൈവശം ആകെ 15,000 രൂപ മാത്രമാണ് ഉള്ളത്. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 77,669 രൂപയുമുണ്ട്. ഇതിന് പുറമെ ജന്മഭൂമിയുടെ 10 ഷെയറുകളും ഉണ്ടെന്ന് നാമനിർദേശ പത്രികയിൽ പറയുന്നു. ഭാര്യയുടെ കൈവശം 32 ഗ്രാം സ്വർണമുണ്ടെന്നും കെ സുരേന്ദ്രൻ നൽകിയ വിവരങ്ങളിൽ വ്യക്തമാക്കുന്നു.
വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി പക്ഷെ രേഖകളിൽ കോടീശ്വരനാണ്. ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കളാണ്. 55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്.
രാഹുലിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപവുമുണ്ട്. ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
Discussion about this post