ഇടുക്കി: ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ യുവതി ജലാശയത്തില്‍ മരിച്ച നിലയില്‍. ഇടുക്കിയിലാണ് സംഭവം. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്.
അഞ്ചുരുളി ജലാശയത്തില്‍ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ഭാഗത്തെ ജലാശയത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ വൈകിട്ടാണ് ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. യുവതി പാമ്പാടുംപാറയില്‍ നിന്നും ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തുകയായിരുന്നു.
ഇതിനിടെ ഇവര്‍ അഞ്ചുരുളി ഭാഗത്തേയ്ക്ക് പോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് പരിസരത്ത് നടത്തിയ തെരച്ചിലില്‍ ജലാശയത്തിന് സമീപത്തു നിന്നും മൊബൈല്‍ ഫോണും ബാഗും കണ്ടെടുത്തിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post