തൃശ്ശൂര്‍: ശബരിമല യുവതീ പ്രവേശനവിഷയത്തോടനുബന്ധിച്ച് ഉണ്ടായ അക്രമവും ഹര്‍ത്താലും മൂലം അറസ്റ്റ് ചെയ്ത തടവുകാരാല്‍ നിറഞ്ഞ് വിയ്യൂര്‍ ജയില്‍. പ്രതികളുടെ എണ്ണം ദിനേന വര്‍ധിക്കുമ്പോള്‍ മതിയായ ജീവനക്കാരില്ലെന്നതും ജയിലിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. അതേസമയം നിലവിലുള്ള അന്തേവാസികളുമായി പുതിയ തടവുകാര്‍ വീര്‍പ്പുമുട്ടുകയാണ്.
നാല് ബ്ലോക്കുകളിലായി നാല്പ്പത്തിനാല് സെല്ലുകളാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. നിലവിലെ കണക്കനുസരിച്ച് സെന്‍ട്രല്‍ ജയിലില്‍ 560 പേരെ പാര്‍പ്പിക്കാവുന്ന ശേഷിയെന്നിരിക്കെ 830 പേരാണുള്ളത്. ജില്ലാ ജയിലില്‍ 121 പേരാണ് ശേഷി, 278 പേരാണുള്ളത്. സബ് ജയിലില്‍ 50 പേരാണ് ശേഷിയെന്നിരിക്കെ 130 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ജീവനക്കാരരുടെ അപര്യാപ്തതയും ഏറെ വിഷമകരമായ ഒന്നാണ്. മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ജീവനക്കാര്‍ വേണ്ടിടത്ത് വിയ്യൂരിലുള്ളത് നൂറില്‍ താഴെ ജീവനക്കാര്‍ മാത്രം. ഉള്‍ക്കൊള്ളാനാവുന്നതിലധികം തടവുകാരും എത്തിയതോടെ ക്രമീകരണങ്ങള്‍ താളംതെറ്റുകയാണ്. ജയില്‍ ചട്ടപ്രകാരം 1:6 എന്ന അനുപാതത്തിലാണ് വാര്ഡന്മാരെ നിയമിക്കേണ്ടത്.
ഇപ്പോള്‍ ജയിലിന്റെ പ്രവര്‍ത്തനം അവതാളത്തിലായതു മാത്രമല്ല തടവുകാരെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിനടക്കം തടസം നേരിടുകയാണ്. ജീവനക്കാരുടെ അഭാവം മൂലം ചികിത്സ ലഭിക്കാതെ തടവുകാര്‍ മരിക്കുന്നതും കോടതികളില്‍ വിചാരണക്ക് ഹാജരാക്കാത്തതും പരാതിയായി തുടരുകയാണ്.
Discussion about this post