ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ പതിനാലോളം പുരോഹിതര്‍ക്ക് പൊള്ളലേറ്റു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന ‘ഭസ്മ ആരതി’ക്കിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് തീ പടര്‍ന്നതെന്ന് ഉജ്ജൈനി ജില്ലാകളക്ടര്‍ നീരജ് കുമാര്‍ സിങ് അറിയിച്ചു. പതിനാല് പുരോഹിതര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവര്‍ ജില്ലാആശുപത്രിയിലും ഇന്‍ഡോറിലെ ആശുപത്രിയിലുമായി ചികിത്സ തേടിയിട്ടുള്ളതായും മജിസ്ര്ടേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും ജില്ലാകളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചാത്ത് സി.ഇ.ഒ. മൃണാല്‍ മീണ, അഡീഷണല്‍ കളക്ടര്‍ അനുകൂല്‍ ജയിന് എന്നിവര്‍ ചേര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.
കര്‍പ്പൂരം കത്തിക്കൊണ്ടിരുന്ന പൂജാതാലിയില് (പൂജാദ്രവ്യങ്ങള്‍ വെക്കുന്ന താലം) പൂജയ്ക്കുപയോഗിക്കുന്ന വര്‍ണപ്പൊടി വീണതോടെയാണ് തീപ്പിടിച്ചത്. താമസിയാതെ പൊടി വീണുകിടന്ന നിലത്തേക്കും തീ പടര്‍ന്നു. സി.സി.ടി.വി. ക്യാമറകളില്‍ അപകടദൃശ്യം പതിഞ്ഞിട്ടുണ്ട്.
സംസ്ഥാനമുഖ്യമന്ത്രി മോഹന്‍ യാദവ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിച്ചതായും പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായവും പ്രാദേശികഭരണകൂടം ലഭ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. മുഖ്യമന്ത്രി മോഹന്‍ യാദവ് അപകടത്തില്‍ ഖേദം പ്രകടിപ്പിച്ചു. പ്രാദേശികഭരണകൂടവുമായി സമ്പര്‍ക്കം പുലര്‍ത്തിവരുന്നതായും സ്ഥിതി നിലവില്‍ നിയന്ത്രണവിധേയമാണെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായും മോഹന്‍ യാദവ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
#WATCH | Madhya Pradesh | 'Bhasma Aarti' performed at Shree Mahakaleshwar Temple in Ujjain on the occasion of Holi. pic.twitter.com/wKQJgEnwaM
— ANI MP/CG/Rajasthan (@ANI_MP_CG_RJ) March 25, 2024
Discussion about this post