മേപ്പാടി: പോലീസ് പരിശോധനയിൽ ഇൻഷുറൻസ് അടയ്ക്കാത്തതിന് സ്റ്റേഷനിൽ പിടിച്ചിട്ട ഓട്ടോറിക്ഷ പിന്നീട് ഉടമയറിയാതെ ലേലം ചെയ്ത് പോലീസ്. 2018ൽ വയനാട് മേപ്പാടി പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷയാണ് രണ്ട് മാസത്തിനു ശേഷം തകർന്നനിലയിൽ ലേലം ചെയ്തത്. മേപ്പാടി സ്വദേശിയായ നാരായണന്റെ ഉപജീവനമാർഗ്ഗമായ ഓട്ടോറിക്ഷയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം നഷ്ടപ്പെട്ടത്.
ഇൻഷുറൻസ് ഇല്ലാത്തതിനാൽ പോലീസ് ഓട്ടോ പിടിച്ചെടുത്ത് സ്റ്റേഷൻ വളപ്പിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഓട്ടോ ഇറക്കാൻ നാരായണൻ രണ്ട് ദിവസം കൂലിപണി ചെയ്ത് സമ്പാദിച്ച ആയിരം രൂപയുമായി എത്തി പിഴയടച്ചപ്പോൾ ഇൻഷുറൻസും എടുക്കണമെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
തുടർന്ന് എണ്ണായിരം രൂപയുണ്ടാക്കാനുള്ള ഓട്ടത്തിലായതിനാൽ തന്നെ നാരായണൻ ഓട്ടോ പിന്നീട് ദിവസങ്ങൾക്ക് ശേഷം തകർന്ന നിലയിലായിരുന്നു. സ്റ്റേഷൻ വികസനപ്രവർത്തനങ്ങൾക്കായി സ്റ്റേഷൻ വളപ്പ് വൃത്തിയാക്കുന്നതിനിടെ പിടിച്ചെടുത്ത വണ്ടികൾ മണ്ണുമാന്തി ഉപയോഗിച്ച് ഒതുക്കിയിട്ടിരുന്നു. ഈ കൂട്ടത്തിലാണ് നാരായണന്റെ ഓട്ടോ തകർന്നത്. ഇക്കാര്യം വാക്കാലാണ് പോലീസുകാർ തന്നെ നാരായണനെ അറിയിച്ചത്.
ഇതോടെ ജീവനോപാധി നഷ്ടമായ വേദനയിൽ പോലീസിനെതിരെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ നാരായണൻ സമീപിച്ചു. കോടതി ഓട്ടോറിക്ഷ എവിടെയെന്ന് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.
അവകാശികളെത്താത്തതിനാൽ 2022 മേയിൽ പാലക്കാട്ടെ ഇരുമ്പുകമ്പനിക്ക് ഓട്ടോ ലേലം ചെയ്തെന്നായിരുന്നു മറുപടി. ഈ വിഷയത്തിൽ പരാതി അറിയിക്കാൻ കലക്ടറേറ്റിൽ പോയപ്പോൾ ജില്ലാ പോലീസ് മേധാവിക്ക് അയച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലെത്തിയപ്പോൾ കളക്ടറേറ്റിൽ അന്വേഷിക്കണമെന്ന് പറഞ്ഞ് തിരികെ അയച്ചു. നീതിക്ക് വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുകയാണ് നാരയണൻ ഇപ്പോൾ.
Discussion about this post