കൊച്ചി: തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ് ചിദംബരം എസ് പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം ‘മഞ്ഞുമ്മല്‍ ബോയിസ്’. എല്ലായിടത്തുനിന്നും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിനെതിരെ എഴുത്തുകാരന്‍ ബി ജയമോഹന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കുടിച്ച് കൂത്താടുന്ന യുവാക്കളുടെ സംഘമെന്നായിരുന്നു ജയമോഹന്റെ വിമര്‍ശനം.
അതേസമയം, വിമര്‍ശനത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാള്‍. ജയമോഹനേപ്പോലെ ഒരു ആര്‍എസ്എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ചിദംബരത്തിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്ന് സതീഷ് പൊതുവാള്‍ പറയുന്നു.
‘മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ ആര്‍എസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതില്‍ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ.കെ ജോണിയാണ്. കാരണം, ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിന്റ് പണിക്കാരോ മീന്‍ വെട്ടുകാരോ ആയ സാധാരണക്കാരാണ്.
ആറാം തമ്പുരാന്റെ വംശപരമ്പരയില്‍ നിന്ന് ആരുമില്ല! കയ്യില്‍ ചരടുകെട്ടിയവരുമില്ല! പണിയെടുക്കുന്നവര്‍ക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത്. അത് പരിവാരത്തിന് ദഹിക്കാത്തതില്‍ അത്ഭുതമില്ല’- സതീഷ് പൊതുവാള്‍ കുറിപ്പില്‍ പറയുന്നു. ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ജയമോഹനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസവും സതീഷ് പൊതുവാള്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ‘യെവനാര്? മഹാത്മാ ഗാന്ധ്യാ?’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ ജയമോഹന് മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും അത് അദ്ദേഹം എഴുത്തിലൂടെ മുന്നേ തന്നെ സാക്ഷ്യപ്പെടുത്തിയതാണെന്നും ഇപ്പോള്‍ തമിഴരെയും അറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നുവെന്നുമാണ് സതീഷ് പൊതുവാള്‍ കുറിച്ചത്.
Discussion about this post