തിരുവനന്തപുരം: തിരഞ്ഞടുപ്പ് അടുത്തിരിക്കെ ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വമെടുത്തത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ പത്മജയെ ബിജെപിയിലെത്തിച്ചത് ലോക്നാഥ് ബെഹ്റയാണ് എന്ന് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തെ ബാധിക്കില്ല. രമേശ് ചെന്നിത്തലയാണ് ആലപ്പുഴയില്‍ മത്സരിക്കാന്‍ ആദ്യം നിര്‍ദേശിച്ചത്. ദേശീയ ചുമതലയില്‍ തുടര്‍ന്ന് കൊണ്ട് മത്സരിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാന്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ആരോപിച്ചിരുന്നു. കെ കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ട്. മോഡിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ മുരളീധരന് തുറന്നടിച്ചിരുന്നു.
നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതല്‍ ബിജെപിക്ക് തന്നോട് പകയെന്നും മുരളീധരന് പറഞ്ഞു. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന് പറഞ്ഞു.
Discussion about this post