കൊല്ലം: ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാന്‍ എത്തിയ കോളേജ് വിദ്യാര്‍ത്ഥി സംഘത്തോട് സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. ആയൂര്‍ സ്വദേശികളായ അന്‍വര്‍ സാദത്തിനേയും ബൈജുവിനേയുമാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ആയൂരില്‍ സുഹൃത്തിന്റെ ജന്മദിന വിരുന്നില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷം സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടയുളള സംഘം. ഇതിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന മൂന്നുപേര്‍ വിദ്യാര്‍ത്ഥികളെ അസഭ്യം പറഞ്ഞ് ചോദ്യം ചെയ്തു.
കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ നിലവിളിച്ചു. തടയാന്‍ ശ്രമിച്ച വിദ്യര്‍ത്ഥിനികളെ ദേഹത്ത് പിടിച്ച് തള്ളി. ആണ്‍കുട്ടികളെ കമ്പ് ഉപയോഗിച്ച് മുതുകില്‍ മര്‍ദ്ദിച്ചു. ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു.
നാട്ടുകാര്‍ വിവരം അറിയിച്ച് പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപെട്ടു. ചടയമംഗലം സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചയോടെ രണ്ട് പ്രതികള്‍ പിടിയിലായി ഒരാള്‍ ഒളിവിലാണ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കം ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post