കടമ്മനിട്ട: മലയാള സിനിമാ തിരക്കഥാകൃത്തും ചലച്ചിത്ര പ്രവർത്തകനും ആരോഗ്യവകുപ്പിലെ ജീവനക്കാരനുമായ നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. പുതിയ ചിത്രമായ ‘ഒരു സർക്കാർ ഉൽപ്പന്നം’ റിലീസ് ചെയ്യാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് നിസാമിന്റെ അപ്രതീക്ഷിത വിയോഗം.
സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയത് നിസാമായിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പേരിൽ ഒരുക്കിയ സിനിമയുടെ പേര് പിന്നീട് സെൻസർ ബോർഡിന്റെ നിർദേശപ്രകാരമാണ് ഒരു സർക്കാർ ഉത്പന്നം എന്നാക്കി മാറ്റിയത്. ഭാരത് എന്ന ഭാഗം ഒഴിവാക്കുന്നതിന് പകരം കറുത്ത നിറമടിച്ചതും വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
സിനിമയുടെ വിജയവാർത്ത കേൾക്കാനായി കാത്തുനിൽക്കാതെ അപ്രതീക്ഷിതമായി നിസാം വിടവാങ്ങിയത് സിനിമാ ലോകത്തിനും തീരാനോവായി. റേഡിയോ എന്ന ചിത്രത്തിന്റെ രചനയും അദ്ദേഹം നിർവ്വഹിച്ചു.
നിരവധി ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള നിസാം വർഷങ്ങളോളം കാസർഗോഡായിരുന്നു ജോലി ചെയ്തിരുന്നത്. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി പ്രവർത്തിക്കാനാനായാണ് കാസർകോട്ടേക്ക് സ്ഥലം മാറ്റം വാങ്ങിയത്. ആരോഗ്യ വകുപ്പിലെ ജോലി അവിടേക്ക് മാറ്റുകയായിരുന്നു.
ALSO READ- വിവാദ സ്വയം പ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു
നിരവധി ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്. ഒരു സർക്കാർ ഉൽപ്പന്നത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സജീവമായിരുന്നു നിസാം.
Discussion about this post