ന്യൂഡൽഹി: കഴിഞ്ഞവർഷം ഒക്ടോബറിൽ ആന്ധ്രാപ്രദേശിൽ 14 യാത്രക്കാരുടെ ജീവൻ നഷ്ടമായ ട്രെയിൻ അപകടത്തിന് കാരണമായത് ജീവനക്കാരുടെ അനാസ്ഥയയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വൈകീട്ട് ഏഴു മണിക്കായിരുന്നു അപകടമുണ്ടായത്. ഹൗറ-ചെന്നൈ പാതയിൽ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ വച്ച് രായഗഡ പാസഞ്ചർ വിശാഖപട്ടണം പലാസ ട്രെയിനിന് പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ 50 ഓളം യാത്രക്കാർക്ക് പരിക്കേറ്റ സംഭവമാണിത്. അന്നത്തെ അപകടത്തിൽ രണ്ട് ജീവനക്കാരും മരിച്ചിരുന്നു. ഇതിന് കാരണമായത് ലോക്കോ പൈലറ്റും കോ പൈലറ്റും മൊബൈലിൽ ക്രിക്കറ്റ് കാണുന്നതിനിടെ ശ്രദ്ധതെറ്റിയതാണെന്ന് മന്ത്രി പരാമർശിച്ചു. ഇന്ത്യൻ റെയിൽവേയിൽ പുതിയ സുരക്ഷ നടപടികളെ കുറിച്ച് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രെയിൻ ഓടിക്കുമ്പോൾ പരിപൂർണ ശ്രദ്ധ അതിൽമാത്രമായിരിക്കണമെന്ന രീതിയിലുള്ള സുരക്ഷ സംവിധാനങ്ങൾക്കാണ് മുൻഗണനകൊടുക്കേണ്ടതെന്ന് ജീവനക്കാരെ ഓർമ്മിപ്പിക്കുകയായിരുന്നു മന്ത്രി.
ഓരോ ട്രെയിൻ അപകടത്തിന്റെയും മൂല കാരണം കണ്ടെത്താൻ ശ്രമിച്ച് അത് പരിഹരിക്കാനുള്ള ശ്രമം തുടരും. സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
Discussion about this post