കോട്ടയം: മുറ്റത്ത് കളിക്കുന്നതിനിടെ റോഡിലേക്ക് ഇറങ്ങി നടന്ന് വഴിതെറ്റിപ്പോയ കുഞ്ഞിനെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പോലീസ്. കോട്ടയത്ത് റബർ ബോർഡിന് സമീപത്ത് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്.
വീട്ടുകാർ കുട്ടിയെ തിരഞ്ഞിറങ്ങുകയും നാട്ടുകാരുടെ നേതൃത്വത്തിൽ പോലീസിൽ അറിയിക്കാനൊരുങ്ങുകയും ചെയ്യുന്നതിനിടെയാണ് പോലീസ് വാഹനത്തിൽ കുട്ടിയെ ഉദ്യോഗസ്ഥർ സുരക്ഷിതമായി എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടുകൂടിയായിരുന്നു സംഭവം.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ നാലുവയസ്സുകാരനായ കുട്ടി വീട്ടിൽ നിന്നും ഇറങ്ങി നടന്ന് ഇറഞ്ഞാൽ, പൊൻപള്ളി ഭാഗത്തേക്ക് എത്തുകയായിരുന്നു. പിന്നീട് വഴിതെറ്റിയതോടെ വീട്ടിലേക്ക് എത്താനാകാതെ കുട്ടി നടുറോഡിൽ നിന്നു കരയുകയായിരുന്നു. ഇതുകണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഇത് കണ്ട് നാട്ടുകാർ വിവരം ഉടൻ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും, കുഞ്ഞിന്റെ സംസാരത്തിൽ നിന്നും അന്യസംസ്ഥാന സ്വദേശികളുടെ കുട്ടിയാണിതെന്ന് മനസിലാക്കുകയുമായിരുന്നു.
തുടർന്ന് സമീപത്തെ വീടുകളിൽ അന്വേഷിച്ചെങ്കിലും തുടക്കത്തിൽ വിവരം ലഭിച്ചില്ല. പിന്നീട് സൂചന ലഭിച്ചതോടെ കുട്ടിയുമായി വീട്ടിലേക്ക് തിരിക്കുകയായിരുന്നു. പോലീസ് കുട്ടിയുമായി ഇവരുടെ വീട്ടിലെത്തി മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറി. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്‌ഐ നെൽസൺ, സിപിഓ മാരായ പ്രതീഷ് രാജ്, അനികുട്ടൻ, രമേശൻ ചെട്ടിയാർ, അജിത്ത് ബാബു, സുരമ്യ എന്നിവരായിരുന്നു കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചത്.
Discussion about this post